Saturday, January 14, 2012
എങ്കിലും... തിരിച്ചു കിട്ടില്ല്ലല്ലോ എന്റെ പൊന്നുമോളെ' എന്ന ഒരമ്മയുടെ തേങ്ങലിന് എന്തു വിധി പറയും
സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സൗമ്യവധകേസ് വിധിപ്രഖ്യാപനത്തിന് ഇനി രണ്ട് നാള്‍. നാണയതുട്ടുകളുകള്‍ക്ക് വേണ്ടി ഒരു പെണ്‍കുട്ടിയെ പൈശാചികമായി കൊലചെയ്ത പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് തൃശൂര്‍ അതിവേഗ കോടതി കണ്ടെത്തിയിരിക്കുന്നു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്ന് ഷൊര്‍ണൂര്‍ക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് പ്രതി സൗമ്യയെ അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു.
വളരെ വിചിത്രകരമായ സംഭവങ്ങളാണ് ഈ കാലയളവില്‍ കേരളം സാക്ഷ്യം വഹിച്ചത്. അരുംകൊലനടത്തിയ പ്രതിക്ക് വേണ്ടി മൂംബയില്‍ നിന്നുള്ള ബി.എ. ആളൂര്‍, പി.എ. ശിവരാജന്‍, ഷനോജ് ചന്ദ്രന്‍ എന്നീ അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. വിചാരണയുടെ അവസാനഘട്ടത്തില്‍ ഫോറന്‍സിക്ക് ഡിപ്പാര്‍ട്ട്മെന്റിലെ മൂപ്പിളമതര്‍ക്കംമൂത്ത് സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ഉന്മേഷ് പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നല്‍കിയത് നടുക്കത്തോടെയാണ് ജനം കണ്ടത്.
ദൃക്‌സാക്ഷികളില്ലാതിരുന്നിട്ടും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തി മാസങ്ങള്‍ നീണ്ടുന്നിന്ന വിചാരണക്കൊടുവിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദചാമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഏകപ്രതി മാത്രമുള്ള കേസില്‍ 82 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചുത്. നാലായിരത്തിലധികം വരുന്ന സാക്ഷിമൊഴികള്‍ ജഡ്ജി നേരിട്ട് സ്വന്തം കൈപ്പടയില്‍ എഴുതിയെടുത്തതും വിസ്താരത്തിന്റെ ദൈര്‍ഘ്യവും സൗമ്യ കേസിനെ സമാനതകളില്ലാത്ത കേസാക്കി മാറ്റുന്നു. ഇനി വിധിപ്രഖ്യാപനത്തിനായി ഉററു നോക്കുകയാണ് കേരളസമൂഹം.
രണ്ടു നാള്‍ കഴിഞ്ഞ് പറയുന്ന വിധി ഒരു കുറ്റവാളിക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലുതാകണമെന്ന് ഒന്നടങ്കം ആഗ്രഹിക്കുകയാണ് കേരളത്തിലെ ഒരോ അമ്മയും. 'എങ്കിലും... തിരിച്ചു കിട്ടില്ല്ലല്ലോ എന്റെ പൊന്നുമോളെ' എന്ന് വിലപിക്കുന്ന ഒരമ്മക്ക് മുന്നില്‍ സമൂഹം മൗനം കുടിച്ചു നില്‍ക്കുന്നു.
കേരളം സ്തീകള്‍ക്ക് രാവും പകലും ഒരു പോലെ അരക്ഷിതമാണ് എന്ന ഭീതി ഊട്ടിയുറപ്പിക്കുംപോലെയാണ് സമകാലീന സംഭവങ്ങള്‍. മുന്‍കരുതലുകളും പ്രതിരോധങ്ങളും പൈശാചികമായ പണക്കൊതിക്കും കാമവെറിക്കുംമുന്നില്‍ പതറുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് സൗമ്യ. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്ന് എന്തിനെയും ഞായീകരിക്കുന്ന കേരളസമൂഹത്തിന് ഇനിയെന്ത് പോംവഴി എന്ന് പറയേണ്ട ബാധ്യതയുണ്ട്. ട്രാക്കിലേക്ക് തള്ളിയിട്ടശേഷവും അടങ്ങാത്ത പകയുമായി വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുമ്പോള്‍ ഒരിക്കല്‍പോലും ആ നിലവിളിയില്‍ അലിയാത്ത പേടിക്കാത്ത പിശാചിന്റെ മനസ്സിനെ, അതിന് പ്രേരിപ്പിച്ച ചോദനയെ എങ്ങനെയാണ് ചികിത്സിക്കേണ്ടത്?
ഉയര്‍ന്ന വിദ്യാഭ്യാസവും ചിന്താഗതിയിലും സമ്പന്നമായ കേരളസമൂഹം അത് ജിവിതത്തിന്റ ഭാഗമാക്കുന്ന കാര്യത്തില്‍ പാപ്പരാണ്. സ്തീയെ ലൈംഗിക വസ്തുവായികണ്ട് അവള്‍ക്ക് ചുറ്റും നിബന്ധനകളുടെയും നിയന്ത്രണങ്ങളുടെയും ചങ്ങലകള്‍ തീര്‍ക്കുന്നതിലൂടെ 'രക്ഷാകവചം' സാധ്യമാകുമെന്ന മൂഡസ്വപ്നത്തിലാണ് ഭൂരിഭാഗവും. നാട്ടില്‍ ജനാധിപത്യം പുലരാന്‍ അഹോരാത്രം പരിക്ഷീണിക്കുന്ന മലയാളി വീട്ടില്‍ ജനാധിപത്യം നടപ്പിലാക്കുന്നത് ബാലവാടിമുതല്‍ പഠിക്കേണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment