Saturday, January 14, 2012

സൗമ്യ വധക്കേസ്സില്‍ ഗോവിന്ദചാമിക്ക് കൊലകയര്‍!


അഞ്ചുമാസം നീണ്ടുനിന്ന വിചാരണയ്ക്കൊടുവില്‍ ഗോവിന്ദചാമിക്ക് കൊലകയര്‍ വിധിച്ചിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്നു പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്കു വരുന്ന വഴി സൗമ്യയെന്ന പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിനാണ് തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദചാമിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇത് കൂടാതെ വിവിധ കേസ്സുകളില്‍ 394, 397, 474 വകുപ്പുകളനുസരിച്ച്‌ ഏഴ്‌ വര്‍ഷം , മൂന്ന്‌ വര്‍ഷം, ആറ്‌ മാസം എന്നിങ്ങനെ തടവ്‌ ശിക്ഷകളും ഒരു ലക്ഷം, ആയിരം രൂപ, അഞ്ഞൂറ്‌ രൂപ എന്നിങ്ങനെ പിഴയും കോടതി ഗോവിന്ദച്ചാമിക്കെതിരെ വിധിച്ചു. പല അവസരമുണ്ടായിട്ടും തെറ്റ്‌ തിരുത്താന്‍ തയ്യാറാവാതിരുന്ന പ്രതിയുടേത്‌ ആസൂത്രിത ശ്രമം തന്നെയായിരുന്നുവെന്നും കേസ്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തന്നെയാണെന്നും അതുകൊണ്ട്‌ പരമാവധി ശിക്ഷ നല്‍കുകയാണെന്നും ജഡ്ജി കെ.രവീന്ദ്രബാബുവ്യക്തമാക്കി. ഇയാളില്‍ നിന്നും ഈടാക്കുന്ന നഷ്ടപരിഹാര തുക സൗമ്യയുടെ കുടുംബത്തിനും കോടതി ചെലവുകളിലേക്കും നല്‍കുന്നതിനും കോടതി നിര്‍ദ്ദേശിച്ചു.

എന്തൊക്കെ വിവാദങ്ങളാണ് ഈ കേസ്സുമായി ബന്ധപ്പെട്ടു കേരളം ചര്‍ച്ച ചെയ്തത്. ഇന്നും ദൂരൂഹമാണ് പലതും. കേസിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ഫോറന്‍സിക്ക് വിഭാഗം അസി. പോലീസ്‌ സര്‍ജന്‍ ഡോ. ഉമേഷ് പ്രതിക്ക്‌ അനുകൂലമൊഴി നല്‍കിയതിന്റെ കാരണം ഇന്നും അജ്ഞാതമാണ്. പ്രതിക്കു വേണ്ടി കോടതിയില്‍ ഹാജരായത് സിറ്റിംഗിന് ലക്ഷങ്ങള്‍ ഫീസ്‌ വാങ്ങുന്ന അഡ്വ. ആളൂര്‍ ആണ്. കൂടാതെ ഗോവിന്ദച്ചാമിക്ക് സാമ്പത്തികസഹായം നല്‍കുന്ന സ്ത്രോതസ്സിന്റെ കാര്യത്തിലും ദുരൂഹത നിലനില്‍ക്കുന്നു. കാരണം വെറും ആയിരങ്ങള്‍ മാത്രം ലാക്കാക്കി സൗമ്യയുടെ കഴുത്തിലെ പൊന്നു പൊട്ടിക്കാന്‍ തുനിഞ്ഞ ഗോവിന്ദച്ചാമിക്ക് സ്വിസ് ബാങ്ക് ആക്കൗണ്ടുണ്ടെന്ന് വിശ്വസിക്കാന്‍ വയ്യല്ലോ!

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച തൃശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂര്‍. ഇതിനുപിന്നിലുള്ള അദ്ദേഹത്തിന്റെ താല്പര്യങ്ങളും അറിവില്ല.

അങ്ങനെ സൗമ്യവധക്കേസ്സ് കേരളത്തിലെ അപൂര്‍വ്വം കേസുകളുടെ പട്ടികയിലൊടുവിലത്തേത്തായിരിക്കുന്നു. . എന്നാല്‍ ഇത്തരം സാഹര്യങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വമാണോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളില്‍ പരിഹാരമായി പലപ്പോഴും നിര്‍ദേശിക്കുന്നത് പെണ്‍കുട്ടികള്‍ കൂടുതല്‍ ജാഗ്രതയും കഴിവും പ്രതികരണ ശേഷിയും ഉള്ളവരായിരിക്കണം എന്നതാണ്. അത്തരം പോംവഴികള്‍ ഒരു മനുഷ്യനെന്ന രീതിയില്‍ സ്ത്രീ ഹൃദയത്തില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസ്സിക സങ്കര്‍ഷങ്ങള്‍ വളരെ വലുതാണ്. കാരണം തന്റെ ശരീരത്തെകുറിച്ച് ബോധവതിയകാതെ ഒരു സ്ത്രീക്കും ഇന്ന് ഒരാള്‍ കൂട്ടത്തിലും നില്ക്കാന്‍ സാധ്യമല്ല എന്നെതുകൊണ്ട് തന്നെ. സ്ത്രീ പ്രതിരോധങ്ങള്‍ക്ക് ഈ പ്രവണതകര്‍ക്ക് അറുതി വരുത്താന്‍ കഴിയാതെ പോകുന്നതിന്റെ വേദനിപ്പിക്കുന്ന ഉദാഹരണമാണ് സൗമ്യ. കുമിളിയില്‍ പൊത്തില്‍ മരിച്ച 4 വയസ്സുകാരിയില്‍ നിന്നോ 65 വയസ്സായ അമ്മയില്‍ നിന്നോ സമൂഹം പ്രതീക്ഷിക്കുന്ന, നിര്‍ദേശിക്കുന്ന പ്രതിരോധങ്ങള്‍ അസാധ്യമാണ്. പരിഹാരം നിര്‍ദേശിക്കപ്പെടേണ്ടത് കുടുബമെന്ന സാമൂഹികസ്ഥാപനത്തിലാണ്.


ദിനം തോറും പെരുകിവരുന്ന കൂറ്റവാസനയുടെയും ലൈംഗികാതിക്രമങ്ങളുടെയും കാരണങ്ങള്‍ പൊതുവായി വിരല്‍ ചൂണ്ടുന്നത് കെട്ടുറപ്പില്ലാത്ത ആത്മബന്ധമില്ലാത്ത കുടുംബങ്ങളിലേക്കാണ്. സ്നേഹത്തിന്റെ ആദ്യാക്ഷരം തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കുറിച്ചുനല്കുമ്പോള്‍ ഒപ്പം ചേര്‍ക്കേണ്ടുന്ന ജീവിതത്തിന്റെ നന്മയുടെ പാഠം പലരും മറന്ന് പോകുന്നു.

ഒരു പാവം പെണ്‍കുട്ടിയുടെ സ്വപനങ്ങളെ, സന്തോഷങ്ങളെ ഒക്കെ അരനിമിഷത്തെ സ്വന്തം വന്യതയ്ക്ക് വേണ്ടി ചവിട്ടിയരച്ച പൈശാചികത്വം അര്‍ഹിക്കുന്നതാണ് ഈ വിധി. നഷ്ടപെട്ടവയ്ക്കൊന്നിനും പരിഹാരമാവില്ല എങ്കിലും ഈ വിധി ഇത്തരം കുറ്റകൃത്യ വാസനയുള്ളവര്‍ക്ക് നല്കുന്ന കടുത്ത മുന്നറിയ്പ്പാണ്. ഇതുവരെ പിടിക്കപ്പെടാതെ നീലം മുക്കിയ കുപ്പായത്തില്‍ വിലസ്സുന്ന മാന്യന്മാര്‍ക്കുള്ള ജനകീയമായ മുന്നറിയിപ്പ്.

എങ്കിലും... തിരിച്ചു കിട്ടില്ല്ലല്ലോ എന്റെ പൊന്നുമോളെ' എന്ന ഒരമ്മയുടെ തേങ്ങലിന് എന്തു വിധി പറയും


സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സൗമ്യവധകേസ് വിധിപ്രഖ്യാപനത്തിന് ഇനി രണ്ട് നാള്‍. നാണയതുട്ടുകളുകള്‍ക്ക് വേണ്ടി ഒരു പെണ്‍കുട്ടിയെ പൈശാചികമായി കൊലചെയ്ത പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് തൃശൂര്‍ അതിവേഗ കോടതി കണ്ടെത്തിയിരിക്കുന്നു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്ന് ഷൊര്‍ണൂര്‍ക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് പ്രതി സൗമ്യയെ അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു.

വളരെ വിചിത്രകരമായ സംഭവങ്ങളാണ് ഈ കാലയളവില്‍ കേരളം സാക്ഷ്യം വഹിച്ചത്. അരുംകൊലനടത്തിയ പ്രതിക്ക് വേണ്ടി മൂംബയില്‍ നിന്നുള്ള ബി.എ. ആളൂര്‍, പി.എ. ശിവരാജന്‍, ഷനോജ്‌ ചന്ദ്രന്‍ എന്നീ അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. വിചാരണയുടെ അവസാനഘട്ടത്തില്‍ ഫോറന്‍സിക്ക് ഡിപ്പാര്‍ട്ട്മെന്റിലെ മൂപ്പിളമതര്‍ക്കംമൂത്ത് സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ഉന്മേഷ് പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നല്‍കിയത് നടുക്കത്തോടെയാണ് ജനം കണ്ടത്.

ദൃക്‌സാക്ഷികളില്ലാതിരുന്നിട്ടും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തി മാസങ്ങള്‍ നീണ്ടുന്നിന്ന വിചാരണക്കൊടുവിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദചാമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഏകപ്രതി മാത്രമുള്ള കേസില്‍ 82 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചുത്. നാലായിരത്തിലധികം വരുന്ന സാക്ഷിമൊഴികള്‍ ജഡ്ജി നേരിട്ട് സ്വന്തം കൈപ്പടയില്‍ എഴുതിയെടുത്തതും വിസ്താരത്തിന്റെ ദൈര്‍ഘ്യവും സൗമ്യ കേസിനെ സമാനതകളില്ലാത്ത കേസാക്കി മാറ്റുന്നു. ഇനി വിധിപ്രഖ്യാപനത്തിനായി ഉററു നോക്കുകയാണ് കേരളസമൂഹം.

രണ്ടു നാള്‍ കഴിഞ്ഞ് പറയുന്ന വിധി ഒരു കുറ്റവാളിക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലുതാകണമെന്ന് ഒന്നടങ്കം ആഗ്രഹിക്കുകയാണ് കേരളത്തിലെ ഒരോ അമ്മയും. 'എങ്കിലും... തിരിച്ചു കിട്ടില്ല്ലല്ലോ എന്റെ പൊന്നുമോളെ' എന്ന് വിലപിക്കുന്ന ഒരമ്മക്ക് മുന്നില്‍ സമൂഹം മൗനം കുടിച്ചു നില്‍ക്കുന്നു.


കേരളം സ്തീകള്‍ക്ക് രാവും പകലും ഒരു പോലെ അരക്ഷിതമാണ് എന്ന ഭീതി ഊട്ടിയുറപ്പിക്കുംപോലെയാണ് സമകാലീന സംഭവങ്ങള്‍. മുന്‍കരുതലുകളും പ്രതിരോധങ്ങളും പൈശാചികമായ പണക്കൊതിക്കും കാമവെറിക്കുംമുന്നില്‍ പതറുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് സൗമ്യ. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്ന് എന്തിനെയും ഞായീകരിക്കുന്ന കേരളസമൂഹത്തിന് ഇനിയെന്ത് പോംവഴി എന്ന് പറയേണ്ട ബാധ്യതയുണ്ട്. ട്രാക്കിലേക്ക് തള്ളിയിട്ടശേഷവും അടങ്ങാത്ത പകയുമായി വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുമ്പോള്‍ ഒരിക്കല്‍പോലും ആ നിലവിളിയില്‍ അലിയാത്ത പേടിക്കാത്ത പിശാചിന്റെ മനസ്സിനെ, അതിന് പ്രേരിപ്പിച്ച ചോദനയെ എങ്ങനെയാണ് ചികിത്സിക്കേണ്ടത്?

ഉയര്‍ന്ന വിദ്യാഭ്യാസവും ചിന്താഗതിയിലും സമ്പന്നമായ കേരളസമൂഹം അത് ജിവിതത്തിന്റ ഭാഗമാക്കുന്ന കാര്യത്തില്‍ പാപ്പരാണ്. സ്തീയെ ലൈംഗിക വസ്തുവായികണ്ട് അവള്‍ക്ക് ചുറ്റും നിബന്ധനകളുടെയും നിയന്ത്രണങ്ങളുടെയും ചങ്ങലകള്‍ തീര്‍ക്കുന്നതിലൂടെ 'രക്ഷാകവചം' സാധ്യമാകുമെന്ന മൂഡസ്വപ്നത്തിലാണ് ഭൂരിഭാഗവും. നാട്ടില്‍ ജനാധിപത്യം പുലരാന്‍ അഹോരാത്രം പരിക്ഷീണിക്കുന്ന മലയാളി വീട്ടില്‍ ജനാധിപത്യം നടപ്പിലാക്കുന്നത് ബാലവാടിമുതല്‍ പഠിക്കേണ്ടിയിരിക്കുന്നു.

വിലയേറുന്ന പെട്രോളും... വിലയിടിയുന്ന മനുഷ്യനും.


ഭാരതസര്‍ക്കാറിനെ സമ്മതിക്കണം! ലോകത്തേറ്റവും കൂടുതല്‍ പെട്രോളിന് വിലയുള്ള രാജ്യം ഭാരതമാണ്. ലിറ്ററിന് ഏതാണ്ട് 70 രൂപ. ഏറ്റവും കുറഞ്ഞ വിലക്ക് പെട്രോള്‍ ലഭിക്കുന്ന രാജ്യം ഏതാണെന്നോ? വെനിന്‍സുല; വെറും 1.14 രൂപ യാണ് ലിറ്റനിന് വില. വിചിത്രമല്ലേ ഈ സാഹചര്യം. ജനങ്ങളുടെ ക്ഷമപരീക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്ന സര്‍ക്കാരും നഷ്ടമുണ്ടാക്കുന്ന കാര്യത്തില്‍ മത്സരിച്ച് പ്രവര്‍ത്തിക്കുന്ന എണ്ണ കമ്പിനികളും എന്തിനും ഏതിനും പഴിപറയുന്നത് രൂപയുടെ ഇടിയുന്ന മൂല്യത്തിനെയാണ് ഈ ഭാരം ചുമക്കുന്നത് പെട്രോളിന്റെ സാമ്പത്തികശാസ്ത്രം മനസ്സിലാകാത്ത, അഷ്ടിക്ക് വകകണ്ടെത്താന്‍ രാപകലില്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരനാണ്. ഇത് അനീതിയാണ്. വിലകയറ്റം കൊണ്ട് പൊറുതിമുട്ടുന്നവനെ കളിയാക്കുന്നതിനും അപമാനിക്കുന്നതിനും തുല്യമാണിത്. വന്‍കിട പെട്രോളിയം കമ്പിനികള്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് സബ്സിടി വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാറിന് സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് വേണ്ട പണം അവന് ലഭിക്കുന്നോ എന്നകാര്യത്തില്‍ പോലും വ്യകുലതകളില്ല. വാഗ്ദാനങ്ങള്‍ തന്ന് പറ്റിക്കാമെന്ന് അവരിന്നും ഉറച്ച് വിശ്വസിക്കുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് വിലകുറയുമ്പോള്‍ പെട്രോളിന്റെയും അനുബന്ധവസ്തുക്കളുടെയും വിലകുറയുമെന്നത് സ്വപ്നം മാത്രമാണെന്ന് ഏത് സാധാരണക്കാരനും ഇന്ന് തിരിച്ചറിയുന്നു. അരിയും പാചകവാതകവും പച്ചക്കറിയും മാത്രമല്ല എല്ലാ നിത്യോപയോഗസാധനങ്ങള്‍ക്കും ഇന്ന് പൊള്ളുന്ന വിലയാണ്. പാചകവാതകം പേടിയോടെയാണ് ഒരു വീട്ടമ്മ ഉപയോഗിക്കുന്നത്. തീപിടിക്കുമെന്നോ പൊട്ടിത്തെറിക്കുമെന്നോഉള്ള ആധിയല്ല മറിച്ച് പൊന്നിന്റെ വിലയായതുകൊണ്ടാണ്. എത്രകാലം ഈ അവസ്ഥ തുടരാനാകും?


ഈ അവസ്ഥ ഏറ്റവും കൂടുതന്‍ സങ്കര്‍ഷത്തിലാക്കുന്നത് വീട്ടമ്മയെയാണ്. എണ്ണിചുട്ടപ്പംപോലെ വീതം വെയ്ക്കുന്ന പച്ചനോട്ടുകള്‍ ഒന്നിനും തികയുന്നില്ല. ഒരു മാസക്കാലം കയ്യുണങ്ങാതെ കഴിയണമെങ്കില്‍ പലതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരുന്നു. കുട്ടികള്‍ക്ക് ചിലപ്പോഴെങ്കിലും കയ്യഴിച്ച് വാങ്ങികൊടുത്തിരുന്ന പലതും ഇന്ന് എം. ആര്‍. പി. പരിശോധിക്കാതെ വാങ്ങാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. 'വലിയ പൈസയാണ് മോനേ പിന്നെ വാങ്ങാം' എന്ന വാഗ്ദാനങ്ങളില്‍ മൂഖം വാടുന്ന കുഞ്ഞിനോപ്പം നോവുന്നത് അമ്മയുടെ മനസ്സാണ്. എങ്ങനെ കൊണ്ടുപോകും ഈ ജീവിതം?

സ്വകാര്യകമ്പിനികള്‍ക്കും കുത്തകഭീമന്‍മാര്‍ക്കും ലാഭമുണ്ടാക്കികൊടുക്കാന്‍ അഹോരാത്രം പെട്രോള്‍ വില അടിക്കടിവര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതം താറുമാറാക്കുകയാണ് ചെയ്യുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില 100 ഡോളറിനടുത്തു വരെ താഴ്ന്നിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില താഴ്ത്തുന്നതിന് മടിച്ചു നില്‍ക്കുകയാണ്. വിലതാഴ്ത്തുന്നതിന് വേണ്ട പരിശ്രമങ്ങള്‍ ജനാധിപത്യ സര്‍ക്കാരിന്റ ഭാഗത്ത് കാണാതെപോകുമ്പോള്‍ വിലയിടിയുന്നത് സാധാരണക്കാരായ മനുഷ്യര്‍ക്കു മാത്രമാണ്.